ആരാധനാലയങ്ങള്
കവറാട്ട് ശ്രീ മഹാദേവക്ഷേത്രം
കുമാരപുരം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന കവറാട്ട് ശ്രീ മഹാദേവ ക്ഷേത്രം പ്രദേശവാസികളുടെ ആത്മവിശ്വാസത്തിന്റെയും ഭക്തിയുടെയും കേന്ദ്രമായി നിലകൊള്ളുന്ന ഒരു പുരാതന ദൈവാലയമാണ്. ഇവിടെ പ്രധാന പ്രതിഷ്ഠയായി ശ്രീ മഹാദേവനും പാർവതി ദേവിയും വിരാജിക്കുന്നു. ഉപദേവന്മാരായി ഭഗവാൻ ശ്രീകൃഷ്ണൻ, സുബ്രഹ്മണ്യസ്വാമി, ഗണപതി ഭഗവാൻ എന്നിവരും പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും ശിവക്ഷേത്രങ്ങളുടെ സവിശേഷതയായി ഒരു സർപ്പക്കാവിന്റെ സാന്നിധ്യവും ഇവിടെ കാണപ്പെടുന്നു. കുമാരപുരത്തെ ജനങ്ങൾ കൺകണ്ട ദൈവമായി ആരാധിക്കുന്ന മഹാദേവന്റെ അനുഗ്രഹം തേടി നിരവധിയാളുകൾ ഇവിടെ എത്തുന്നു. എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ പത്തു ദിവസങ്ങളിലായി നടക്കുന്ന ഉത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ്. മഹാശിവരാത്രിയോടനുബന്ധിച്ച ഒമ്പതാം ഉത്സവദിനത്തിൽ കെട്ടുകാഴ്ചകളുടെ അകമ്പടിയോടെ കെട്ടുകാളയെ എഴുന്നള്ളിച്ച് മഹാദേവനെ വലംവെച്ച് പൂർത്തിയാക്കുന്ന വിശിഷ്ട ആചാരം ഏറെ പ്രസിദ്ധമാണ്. തുടർന്ന് പത്താം ദിവസമായ ആറാട്ടിനായി ഭഗവാൻ എഴുന്നള്ളിച്ച് താനല്ലാക്കൽ–കരുവാറ്റ വഴി ശ്രീകോളത്ത് ദേവീക്ഷേത്രത്തിൽ എത്തി തിരികെ കവറാട്ട് ക്ഷേത്രത്തിൽ എത്തുന്നതോടുകൂടി ഉത്സവം സമാപിക്കുന്നു. ഭക്തിയും ആചാരപരമ്പരയും സമന്വയിക്കുന്ന ഈ ക്ഷേത്രം കുമാരപുരത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അഭിമാനചിഹ്നമായി തുടരുന്നു.

പാതിരാംകുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രം
കുമാരപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പാതിരാംകുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രം ഭക്തജനങ്ങളുടെ ആത്മവിശ്വാസത്തിന്റെയും ആശ്വാസത്തിന്റെയും ശാശ്വത കേന്ദ്രമാണ്. കരഞ്ഞു വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന കാരുണ്യസാഗരമായ അമ്മ, കുമാരപുരം ഗ്രാമപഞ്ചായത്തിന്റെ തെക്കൻ പ്രദേശമായ അനന്ദപുരം ഭാഗത്തുള്ള നിവാസികളുടെ കൺകണ്ട ദൈവമായി അനുഗ്രഹവർഷം പെയ്യുന്നവളാണ്. ശക്തിയുടെ പരമരൂപമായ ഭദ്രകാളി, ദുഷ്ടനിഗ്രഹത്തിന്റെയും ശിഷ്ടപരിപാലനത്തിന്റെയും പ്രതീകമായി ഭക്തരുടെ ജീവിതത്തിൽ രക്ഷകയായി നിലകൊള്ളുന്നു. അമ്മയുടെ ദിവ്യസാന്നിധ്യം അനുഭവിക്കാനായി ചൊവ്വയും വെള്ളിയാഴ്ചകളും ക്ഷേത്രത്തിൽ പ്രത്യേക പ്രാധാന്യമുള്ള ദിവസങ്ങളായി കണക്കാക്കപ്പെടുന്നു; ഈ ദിവസങ്ങളിൽ ഭക്തർ കൂടുതൽ എണ്ണത്തിൽ എത്തി വഴിപാടുകളും പൂജകളും നടത്തി അനുഗ്രഹം പ്രാപിക്കുന്നു. ദുഃഖങ്ങളെ നീക്കി ധൈര്യവും ആത്മവിശ്വാസവും പകർന്നുതരുന്ന അമ്മയുടെ കൃപയിൽ, ഈ ക്ഷേത്രം ഭക്തിയുടെ പ്രകാശം നിറഞ്ഞ ഒരു മഹത്തായ ആത്മീയ പുണ്യസ്ഥാനമായി ഉയർന്ന് നിലകൊള്ളുന്നു.
