ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കുമാരപുരം പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് - കൊപ്പാറ-കാര്‍ത്തികപ്പള്ളി തോട്, തെക്ക് - വാടച്ചിറ തോട്, പടിഞ്ഞാറ്  കാട്ടില്‍  മാര്‍ക്കറ്റ്-പണ്ടാരച്ചിറ റോഡ്, വടക്ക്-നാല്‍ക്കവല  സമുദായത്തില്‍  തോട് എന്നിവയാണ്. 13.75 ചതുരശ്ര കിലോമീറ്റര് ‍ വിസ്തൃതിയുള്ള പഞ്ചായത്ത് ഓണാട്ടുകരയുടെ ഭാഗമാണ്.  പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശം സമുദ്രനിരപ്പില്‍  നിന്നും നാലൂ മീറ്റര് ‍ ഉയരത്തിലാണെങ്കിലും പടിഞ്ഞാറന്‍ പ്രദേശത്തെ  ചതുപ്പുകള്‍ സമുദ്രനിരപ്പില്‍ താഴെയാണ്.  കുമാരന്‍ എന്നു കൂടി അറിയപ്പെടുന്ന സുബ്രഹ്മണ്യന്‍ , ചിത്തിര ഉല്‍സവ സമാപനം കുറിക്കുന്ന  ആറാട്ടിനു പുറപ്പെട്ടുവരും  വഴി “ഇറക്കിപൂജ” എന്ന വിശ്രമം തനിക്കായി ഒരുക്കാറുള്ള പരിസര ഗ്രാമത്തിന് കനിഞ്ഞു നല്‍കിയ പേരാണത്രേ ‘കുമാരപുരം’. ഐതിഹ്യത്തിന് അടിസ്ഥാനമില്ലെന്ന് വന്നാലും, എന്നൊ കൊത്തിവച്ച പൂജാശിലക്കു പിന്നില്‍  പലതിനും സാക്ഷ്യം  വഹിച്ചുകൊണ്ട് പഴമയേയും പുതുമയേയും കൂട്ടിയിണക്കിയ ഒരു പടുകിഴവന്‍ അരയാല്‍ വൃക്ഷം വഴിമാറി കൊടുത്ത വിശിഷ്ട സ്ഥാനത്താണ് ഇന്നത്തെ വില്ലേജിന്റെ ആസ്ഥാനം. 13.75 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള കുമാരപുരം പഞ്ചായത്തിനെ 15 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. നാഷണല്‍ ഹൈവേ-47 കുമാരപുരം പഞ്ചായത്തില്‍ കൂടെ കടന്നുപോകുന്നു. ലോകപ്രശസ്തരായിത്തീര്‍ന്ന രണ്ടു രാജകുമാരന്മാരുടെ കൂടി ഗ്രാമമാണ് കുമാരപുരം. ഇവരില്‍ മുതിര്‍ന്നയാള്‍ കേരള കാളിദാസനും പ്രായം കുറഞ്ഞയാള്‍ കേരള പാണിനിയും ആണ്. അനന്തപുരം കൊട്ടാരത്തിലെ ത്രിമൂര്‍ത്തികളായി കുമാരനാശാന്റെ ‘പ്രരോദന’ ത്തില്‍  പരാമര്‍ശിക്കപ്പെട്ട രാജകുമാരന്‍മാരില്‍ ഏറ്റവും  പ്രശ്സതരായ രണ്ടുപേരാണ് കേരള കാളിദാസന്‍  എന്നറിയപ്പെട്ട കേരളവര്‍മ്മ  വലിയ കോയിത്തമ്പുരാനും കേരള  പാണിനി എന്നറിയപ്പെട്ട ഏ ആര് ‍ രാജരാജ വര്‍മ്മയും. വാഗ്ഭടന്‍ കൂടി ചേരുമ്പോള്‍ ത്രിമൂര്‍ത്തികളായി.